തൃശൂരിലും തെരുവ് നായ ആക്രമണം; വീട്ടമ്മയെ ആക്രമിച്ചു

dog
 

തൃശൂർ: പെരുമ്പിലാവ് പുത്തംകുളത്ത് വീട്ടുമുറ്റത്തു പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. പരുക്കേറ്റ പുത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്‍ ഭാര്യ നീനയെ (32 ) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കുത്തിവെപ്പും നടത്തി.

തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പാത്രങ്ങള്‍ കഴുകി വീടിനകത്തേക്ക് കയറുന്നതിനിടെ തെരുവുനായ ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ നീന കൈ കൊണ്ട് തടയുകയായിരുന്നു. ഇതോടെ വലതു കൈയുടെ ചെറുവിരലില്‍ നായ കടിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നീനയെ കൂടുതല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

സംസ്ഥാനത്തെ തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എബിസി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങൾ ന‍ടപ്പിലാക്കുക. സ‍ര്‍ക്കാരിന്റെ നേതൃത്വത്തിൽ, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു. 

കളക്ട‍ര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട‍ര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തിൽ ഏകോപനം നി‍വ്വഹിക്കുക. മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകൾ, കല്യാണ മണ്ഡപം, മാസ വ്യാപാരികൾ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തിൽ വിളിച്ച് ചേര്‍ക്കണം. ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം. ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം സംസ്ക്കരിക്കണം. എംഎൽഎമാരുടെ കൂടി നേതൃത്വത്തിൽ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്നം വേഗത്തിൽ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രിമാരായ എംബി രാജേഷും കെ രാജനും വിശദീകരിച്ചു. ഷെൽറ്റര്‍, വാക്സിനേഷൻ, എബിസി പദ്ധതിയടക്കം ദിവസേനെ നടപ്പാക്കും. അത് ബന്ധപ്പെട്ടവര്‍ ദിവസേനെ മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി രാജേഷ് നിര്‍ദ്ദേശിച്ചു.