മലപ്പുറത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്
Fri, 6 Jan 2023
മലപ്പുറം: കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് തെരുവ് നായ വ്യാപകമായി നാട്ടുകാരെ ആക്രമിച്ചത്.
വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മൂന്നുവയസ്സുകാരിക്ക് കടിയേറ്റത്.
ഇതോടെ നഗരസഭാ അധികൃതർ താലൂക്ക് ദുരന്തനിവാരണ സേനയായ ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായം തേടി. ഇതിനിടെ വീണ്ടുമെത്തിയ നായയെ വീട്ടുകാരൻ കുരുക്കിട്ട് പിടികൂടുകയായിരുന്നു. പിന്നീട് നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി.