ആറ്റിങ്ങലിൽ തെരുവുനായയുടെ ആക്രമണം: എട്ട് പേർക്ക് കടിയേറ്റു

dog
 

തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരുവുനായയുടെ ആക്രമണം. എട്ട് പേർക്ക് നായയുടെ കടിയേറ്റു. വഴിയരികിൽ നിന്നവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചിറ്റാറ്റിൻകരയിലും പാലമൂട്ടിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പ്രഭാവതി (70), ഗോകുൽരാജ് (18), പൊടിയൻ (58), ലിനു (26) എന്നിവരെ കൂടാതെ പാലമൂട്ടിലെ നാലു പേർക്കുമാണ് പരുക്കേറ്റത്. 60 ദിവസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയ്ക്കും നായയുടെ കടിയേറ്റതായി വിവരമുണ്ട്.

ചെവിയിലും കാലിലും ഗുരുതരമായി പരുക്കേറ്റ പ്രഭാവതി ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനു സമീപത്തുവച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാനായിട്ടില്ല. പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴു മാസത്തെ കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തെരുവുനായ ആക്രമണമുണ്ടായത്. 
  
അതേസമയം, സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമാണെന്നും സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര പരിഹാര നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

'കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷം പേരെയാണ് പട്ടികടിച്ചത്. ഇപ്പോൾ നായ കടിച്ച് ആളുകൾ മരിക്കാൻ തുടങ്ങിയിരിക്കുന്നു. വളരെ ഗൗരവകരമായ വിഷയമാണിത്. പേവിഷയ്‌ക്കെതിരായ വാക്‌സിനെതിരെ ധാരാളം പരാതികളാണ് ഉയരുന്നത്. ആരോഗ്യ മന്ത്രി സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രി വാക്‌സിനെക്കുറിച്ച് അന്വേഷണം ആകാമെന്ന് പറഞ്ഞു. ഇക്കാര്യം ഗൗരവത്തിലെടുക്കണം. മാലിന്യംവർധിച്ചതും നായകൾ പെരുകാൻ കാരണമായി. വാചകമടിയല്ലാതെ മാലിന്യനിർമാർജനത്തിനായി ഒരു നല്ല പദ്ധതിയും സംസ്ഥാനത്ത് ഇല്ല'- സതീശൻ കൂട്ടിച്ചേർത്തു.