ദില്ലി : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം. ഈ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന പരാതി.
ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.
കെഎസ്യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫിനുള്ളിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട് . ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം.
വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്.