ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിക്ക് ശസ്ത്രക്രിയ; സൗജന്യ ചികിത്സ നല്‍കുമെന്ന് വീണ ജോർജ്

veena george
 

ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലുള്ള കലഞ്ഞൂര്‍ സ്വദേശി വിദ്യയ്ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി. കൈപ്പത്തിക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യയെ മന്ത്രി വീണാജോർജ് സന്ദര്‍ശിച്ചു. എം.ഡി. ഐ.സി.യു.വില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

വിദ്യയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. തുടർന്ന്  ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കൈയ്ക്ക് സ്പര്‍ശനശേഷിയും ചലനശേഷിയുമുണ്ട്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. 48 മണിക്കൂര്‍കൂടി നിരീക്ഷണം തുടരും.

വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. വനിതാ ശിശുവികസന വകുപ്പിന്റെ നിയമസഹായവും ഉറപ്പുനല്‍കി. സ്വകാര്യ ആശുപത്രിയില്‍ പത്തരലക്ഷമാകുമെന്ന് പറഞ്ഞ ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ചെയ്തത്.