കരമനയില്‍ സർക്കാർ ഉദ്യോഗസ്ഥന് മർദനം: വീഴ്ച വരുത്തിയതിന് എഎസ്ഐക്ക് സസ്പെൻഷൻ, എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം

 കരമനയില്‍ സർക്കാർ ഉദ്യോഗസ്ഥന് മർദനം: വീഴ്ച വരുത്തിയതിന് എഎസ്ഐക്ക് സസ്പെൻഷൻ, എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം: കരമന നിറമണ്‍കരയില്‍ സർക്കാർ ഉദ്യോഗസ്ഥന് മർദനമേറ്റ സംഭവത്തിൽ കേസെടുക്കാൻ വൈകിയതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എഎസ്‌ഐ മനോജിനെ കമ്മീഷണർ സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്തു. എസ്‌ഐ സന്തുവിനെതിരെ വകുപ്പ് തല നടപടിക്കും കമ്മീഷണർ ഉത്തരവിട്ടു. 


നടുറോഡിൽ പകൽ സമയത്ത് വച്ച് ബൈക്ക് യാത്രകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസിൽ സമയബന്ധിതമായി കേസെടുക്കാനും തുടര്‍ നടപടികൾ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കരമന പൊലീസിൻ്റെ പ്രവൃത്തി മൂലം പൊതുജനമധ്യത്തിൽ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളിലൂടെ പൊലീസിന് വിമർശമേൽക്കേണ്ടി വന്നുവെന്നും കമ്മീഷണറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

സ്പെഷ്യൽ ബ്രാഞ്ചിൻറെയും ഫോർട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.

നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്കറും അനീഷും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. കേസില്‍ പ്രതികൾ പിടിയിലായി.  പ്രതികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചിരുന്നു. നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് നടപടി. പ്രതികളുടെ വിവരങ്ങൾ പൊലീസിനോട് എം വി ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചതിനും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.