ചർച്ച പരാജയം; സ്വിഗ്ഗി തൊഴിലാളികൾ അനിശ്ചിതകാല സമരവുമായി മുന്നോട്ട്

Swiggy workers go ahead with indefinite strike
 

കൊച്ചി: കൊച്ചിയിലെ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുമായി മാനേജ്മെന്റ് നടത്തിയ രണ്ടാമത്തെ ചര്‍ച്ചയും പരാജയം. അടിസ്ഥാന വേതനം നാല് കിലോമീറ്ററിന് 30 രൂപ വേണമെന്ന തൊഴിലാളികളുടെ ആവശ്യം കമ്പനി തള്ളിയതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. എറണാകുളം ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. 

ഭക്ഷണമെത്തിക്കുന്നതിന് 4 കിലോമീറ്ററിന് 20 രൂപയാണ് നിലവിൽ ലഭിക്കുന്നത്. ഇത് 30 രൂപയാക്കണമെന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. പക്ഷെ പരമാവധി 23 രൂപ നൽകാമെന്ന നിലപാടാണ് സ്വിഗി അധികൃതർ സ്വീകരിച്ചത്.

ഇതോടെ അനിശ്ചിത കാല സമരവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികൾ തീരുമാനിച്ചു. അടിസ്ഥാന ആവശ്യം അംഗീകരിക്കാതെ പകരക്കാരെ വെച്ച് സമരം പൊളിക്കാനുള്ള സ്വിഗിയുടെ ശ്രമം ഏത് വിധേനെയും പ്രതിരോധിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ഒപ്പം സ്വിഗിയുടെ കൊച്ചി സോണൽ ഓഫീസിലേക്ക് സമരവും സംഘടിപ്പിക്കുമെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ അറിയിച്ചു.