കുട്ടിയെ ചവിട്ടിയ കേസ്: കുട്ടി മരിച്ചേനെയെന്ന് റിമാൻഡ്‌ റിപ്പോർട്ട്; പ്രതി റിമാൻഡിൽ

sd
 

 
കണ്ണൂർ : തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

ഷിനാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം സംഭവിക്കുമായിരുന്നു. ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ചവിട്ടേറ്റകുട്ടി കരയുന്നത് കണ്ടാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. പോലീസെത്തി അര്‍ദ്ധരാത്രിയോടെ പ്രതിയെ പിടികൂടി പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പുലര്‍ച്ചയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 

ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ 20 കാരൻ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂരമായി മർദ്ദനമേറ്റ ആറ് വയസുകാരൻ  തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയിൽ വ്യക്തമായത്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.