തലശേരി ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പരിപാടിയിലും

thalassery murder
 

കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പരിപാടിയില്‍. കൊളശ്ശേരിയിലെ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്ത ചിത്രം പുറത്തായി. അതേസമയം, കേസിലെ മുഖ്യപ്രതി കൂടിയായ ഇയാളെ ഇന്നാണ് പൊലീസ് പിടികൂടിയത്. കര്‍ണാടകയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തടഞ്ഞാണ് പൊലീസ് പാറായി ബാബുവിനെ കീഴ്‌പ്പെടുത്തിയത്.

തലശ്ശേരി എ സി പി നിഥില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്. തലശ്ശേരി സ്വദേശികളായ ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ തലശേരിയില്‍ സംഘര്‍ഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു.