സിബിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി

cbi
 സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതിയുടെ നടപടി.വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷ സിബിഐ നിരസിച്ചതിനെതിരെയാണ് രാജീവ് കുമാർ ഹൈക്കോടതി ഡിവിഷൻ ബെ‍‍‍ഞ്ചിനെ സമീപിച്ചത്.സെൻട്രൽ എക്സൈസ് ആന്റ് കസ്‌റ്റംസ് റിട്ട. ഓഫീസറായ എസ് രാജീവ് കുമാറിന്റെ ഹർജിയാണ് ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ, ജസ്‌റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. 
 
2012ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ രാജീവ് കുമാർ ഒരു കേസിൽ പ്രതിയായിരുന്നു. ബാഗേജുകൾ ശരിയായി പരിശോധിക്കാതെ സാമ്പത്തിക താൽപര്യത്തിൽ വിട്ടുനൽകി എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് വിരമിച്ചിട്ടും രാജീവ് കുമാറിന് പെൻഷൻ ആനുകൂല്യങ്ങൾ കിട്ടിയിരുന്നില്ല. നിരപരാധിത്വം തെളിയിക്കാൻ പ്രധാനപ്പെട്ട തെളിവായതിനാൽ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് രാജീവ് കുമാർ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയെങ്കിലും സിബിഐ നിരസിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് രാജീവ് കുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.