സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Sat, 14 May 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചത്. വൈകിട്ട് ആറുമണിക്കാണ് ഓൺലൈൻ യോഗം. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച 8 ജില്ലകളിലെ കലക്ടർമാർ യോഗത്തിൽ പങ്കെടുക്കും.