വാളയാർ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

walayar
 

വാളയാറിൽ സഹോദരിമാരുടെ മരണത്തിൽ  പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

2017 ജനുവരി 13നാണ് 13വയസ്സുള്ള പെൺകുട്ടിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മാർച്ച് 4ന് 9 വയസ്സുള്ള സഹോദരിയേയും ഇതേ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയിൽ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം.വീടിന്റെ ഉത്തരത്തിൽ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്.  മരിച്ച സഹോദരിമാർ രണ്ടുപേരും ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

പോലീസ് പ്രതി ചേർത്തവരെ തന്നെയാണ് സിബിഐയും കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വി. മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ. 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. 2019 ൽ തെളിവുകളുടെ അഭാവത്തിൽ നാല് പ്രതികളെ പാലക്കാട് പോക്‌സോ കോടതി കുറ്റവിമുക്തരാക്കി. പിന്നാലെ  വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരും കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ അംഗീകരിച്ച കോടതി പുനർവിചാരണക്കും ഉത്തരവിട്ടു. ഇതിന് ശേഷമാണ് കേസ് സിബിഐക്ക് കൈമാറിയത്.