കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചു.ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് സ്ഥിരീകരണം.
ജൂലൈ ആറിന് ആണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് . കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.
വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി.
കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്കിയ വിവരം.
Comments