കുഞ്ഞ് തന്റേത് തന്നെ; ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതൃത്വം സമ്മതിച്ച് യുവതി

baby
ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതുതന്നെയന്ന് സമ്മതിച്ച് യുവതി. വെള്ളിയാഴ്ച രാവിലെ തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പെൺകുഞ്ഞിന്റെ മാതൃത്വമാണ് യുവതി സമ്മതിച്ചത്. നേരത്തെ ഇവർ ഇത് നിഷേധിച്ചിരുന്നു. 

തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്തും. ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞും യുവതിയും. 

ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വെള്ളിയാഴ്ച രാവിലെ കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നു കരുതിയ യുവതിയെ കണ്ടെത്തിയിരുന്നു. 

എന്നാല്‍ ആദ്യം ഇവര്‍ തന്റെ കുഞ്ഞല്ല ഇതെന്ന നിലപാട് സ്വീകരിച്ചത്. കുട്ടിയ്ക്ക് മുലപ്പാല്‍ കൊടുക്കാനും യുവതി വിസ്സമ്മതിച്ചിരുന്നു. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.