പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും

pfi
 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60ഓളം പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ സമയപരിധി വൈകിട്ട് അഞ്ചുമണിയ്ക്ക് അവസാനിക്കും. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, കഴിഞ്ഞ സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ നാശനഷ്ടം ഈടാക്കാനാണ് നേതാക്കളുടെ വീടും സ്ഥലങ്ങളും ജപ്തി ചെയ്യുന്നത്. സര്‍ക്കാറും കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സെപ്തംബര്‍ 29ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ജപ്തി നടപടികള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബര്‍ 23നായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താല്‍.