മൂന്നാറില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്

padayappa
 

ഇടുക്കി : മൂന്നാറിലെ കാട്ടാനയായ പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം ദാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പിടികൂടാനായില്ല. 

അതേസമയം, മൂന്നാറില്‍ മാട്ടുപെട്ടി പരിസരത്ത് സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. പൊതുവെ ശാന്തനായിരുന്ന ആന, ആളുകളുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടര്‍ന്ന് അക്രമകാരിയായി. അന്ന് തന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ്  വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നല്‍കിയിരുന്നു.