സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണട വെയ്ക്കണം;അടച്ചുപൂട്ടിയ സ്ഥാപനം തുറക്കാൻ അനുമതിയായി;ദമ്പതികളെ തിരികെയെത്തിച്ചു

p rajeev
 

നഗരസഭ അടച്ചു പൂട്ടിയ ഫർണിച്ചർ കട തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ തലശേരിയിൽ  വ്യവസായ ദമ്പതികൾ നാടുവിട്ടിരുന്നു.  ഈ സംഭവത്തിൽ മന്ത്രി പി. രാജീവ് ഇടപെട്ട് ഫർണിച്ചർ കട തുറക്കാൻ അനുമതിയായി. സംഭവം നടക്കുന്നതിന്റെ തലേന്ന് തന്നെ കടയുടെ താക്കോലുമായി അധികൃതർ ഉടമയുടെ വീട്ടിലെത്തിയതായും മന്ത്രി പറഞ്ഞു. സംരംഭകരെ സഹായിക്കാനായി ഉദ്യോഗസ്ഥർ നോക്കേണ്ടതെന്ന് രാജീവ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ സംശയത്തിന്റെ കണ്ണട ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണട വെയ്ക്കണമെന്നും രാജീവ് നിർദ്ദേശം നൽകി

എഴുത്തുകാരൻ കെ. തായാട്ടിന്റെ മകൻ രാജ്കബീറും ഭാര്യയുമാണ് നഗരസഭയുടെ പീഡനത്തെ തുടർന്ന് നാടുവിട്ടത്.  ഭൂമി കയ്യേറിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭ നാല് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഡിമാൻഡ് നോട്ടീസ് നൽകിയിരുന്നു. അടയ്ക്കാതെ വന്നപ്പോൾ അടച്ചുപൂട്ടാൻ നഗരസഭ ഉത്തരവിടുകയായിരുന്നു.  നാടുവിട്ട ഈ ദമ്പതികളെ തിരികെ നാട്ടിലെത്തിച്ചു. 

ഉത്തരവ് നൽകി 15 ദിവസം കഴിഞ്ഞിട്ടും ഉടമകൾ ബന്ധപ്പെട്ടില്ലെന്നാണ് നഗരസഭ അറിയിച്ചതെന്നും രാജീവ് പറഞ്ഞു.24-ാം തീയതി തന്നെ താക്കോലുമായി നഗരസഭ അധികൃതർ ഉടമയുടെ വീട്ടിൽ പോയിരുന്നു. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് അവർ പറഞ്ഞതെന്നും രാജീവ് പറഞ്ഞു. അവിടെയുണ്ടായിരുന്ന ചെറിയ ചില തർക്കമാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഇക്കാര്യവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി സംസാരിച്ചതായും പി. രാജീവ് അറിയിച്ചു.