സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഇന്ന് വിശദീകരണം തേടിയേക്കും

saji cheriyan governor
 

 

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്. ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. വിശദീകരണം തേടിയാല്‍ നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

അതേസമയം, സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


ഭരണഘടനയെ വിമര്‍ശിച്ച കേസില്‍ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുന്‍പാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.  

മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം.