ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ വിശദീകരണം തേടി മന്ത്രി

ak
 

വയനാട്: ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് മന്ത്രി എകെ ശശീന്ദ്രന്‍ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, ആളെ കൊല്ലിയായ കാട്ടാനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതില്‍ ഇന്നലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.