ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കി; ടിക്കാറാം മീണയ്ക്ക് പി.ശശിയുടെ വക്കീൽ നോട്ടിസ്

ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കി; ടിക്കാറാം മീണയ്ക്ക് പി.ശശിയുടെ വക്കീൽ നോട്ടിസ്
 

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറായിരുന്ന ടിക്കാറാം മീണയുടെ ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വക്കീൽ നോട്ടീസയച്ചു. 'തോൽക്കില്ല ഞാൻ' എന്ന പുസ്തകത്തിലെ പരാമർശം അടിസ്ഥാന രഹിതവും കള്ളവുമാണെന്നും മനപൂർവം തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തി. 

പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറണമെന്നും മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും പി. ശശി ആവശ്യപ്പെട്ടു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ കെ. വിശ്വൻ മുഖേനയാണ് പി. ശശി വക്കീൽ നോട്ടിസ് അയച്ചത്.

തൃശൂർ കലക്ടറായിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയതിന് പിന്നിൽ പി. ശശിയാണെന്നാണ് ടിക്കാറാം മീണ പുസ്തകത്തിൽ ആരോപിച്ചിരുന്നത്. 

വയനാട് കളക്ടറായിരിക്കെ സസ്‌പെൻഡ് ചെയ്തതിന് പിന്നിലും പി.ശശിയാണെന്ന് ടിക്കാറാം മീണ ആത്മകഥയിൽ കുറിച്ചു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിമപ്പെടതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടുവെന്നും ടിക്കാറാം മീണ കുറിച്ചു.
 

മുൻ മന്ത്രി ടി.എച്ച് മുസ്തഫയ്‌ക്കെതിരെയും ആത്മകഥയിൽ ആരോപണമുണ്ട്. സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും സർവീസിൽ മോശം കമന്റെഴുതിയെന്നും ടീക്കാറാം മീണ പറയുന്നു. മോശം പരാമർശം പിൻവലിപ്പിക്കാൻ പിന്നീട് മുഖ്യമന്ത്രിയായ എ.കെ.ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.