തൃപ്പുണിത്തുറ പീഡന കേസ്; സംഭവം ഒളിച്ചുവെച്ച മൂന്ന് അധ്യാപകർക്കും ജാമ്യം

hammer
 

തൃപ്പുണിത്തുറ: തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്കും ജാമ്യം. തൃപ്പുണിത്തുറ ജുഡീഷ്യൽ മാജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചത്. 

പീഡന വിവരം മറച്ചു വെച്ചതിനാണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

കലോത്സവത്തിൽ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. അശ്ലീലമായ രീതിയിൽ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ കയറി പിടിക്കുകയുമായിരുന്നു. കുട്ടിയിത് സുഹൃത്തുക്കളോട് പറയുകയും സ്കൂളിലെ കൗൺസിലിങ് വഴി പുറത്തെത്തിക്കുകയുമായിരുന്നു. പോക്‌സോ ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് വിദ്യാർഥിനി പോയത്. രാത്രി വളരെ വൈകി കലോത്സവം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകൻ വിദ്യാർഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
 
വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ നാട് വിട്ട അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.