അപകടത്തിൽ പരിക്കേറ്റ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യാതെ തൃശൂർ മെഡിക്കൽ കോളേജ്; പരാതിയുമായി ബന്ധുക്കൾ

തൃശൂർ മെഡിക്കൽ കോളേജ്
 


തൃശൂർ: തൃശൂരില്‍ കൊവിഡ് രോഗിക്ക് അവഗണന. അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ് അവഗണന നേരിട്ടത്. 

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് ബന്ധുക്കൾ ജോസിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ രണ്ട് മണിക്കൂറായി ആംബുലൻസിൽ കിടത്തിയിരിക്കുകയാണ് എന്നാണ് പരാതി. കൊവിഡ് സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.   

അതേസമയം, സംഭവം വിവാദമായതോടെ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു അപകടം. അതിനും ശേഷം ഇദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഓക്‌സിജന്‍ സഹായത്തോടെയായിരുന്നു ജോസ് ശ്വസിച്ചിരുന്നത്.

ആശുപത്രിയിലെത്തിയ സമയം രോഗിക്ക് ആശുപത്രിയുടെ മുറ്റത്ത് ആംബുലന്‍സിനുള്ളില്‍ തന്നെ വേദന സഹിച്ച് കിടക്കേണ്ട അവസ്ഥയായിരുന്നു. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡോക്ടര്‍മാര്‍ വന്ന് നോക്കിയെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. എക്‌സ്-റേ എടുത്ത് നോക്കിയിട്ടും വീണ്ടും വൈകിപ്പിക്കുകയായിരുന്നു.