കഷായവും ജ്യൂസും ;ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം

google news
sharon
 

തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14-ാം തീയതിയിലെയും, 17-ാം തീയതിയിലെയും രക്തപരിശോധനാഫലങ്ങളാണ് പുറത്തു വന്നത്. ആദ്യ രക്തപരിശോധനാ ഫലത്തില്‍ ബിലിറൂബിന്‍ കൗണ്ട് ഒന്നാണ്. എന്നാല്‍ രണ്ടു ദിവസത്തിനിടെ ബിലിറൂബിന്‍ കൗണ്ട് അഞ്ചായി ഉയര്‍ന്നുവെന്ന് ഫലം വ്യക്തമാക്കുന്നു. ആദ്യ രക്തപരിശോധനാ ഫലത്തില്‍ ഷാരോണിന്ആന്തരികാവയവങ്ങള്‍ക്കും കുഴപ്പങ്ങൾ ഇല്ലായിരുന്നു. ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും തുടര്‍ന്നുള്ള റിസള്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ രാജ് മരിച്ചത്. 


കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാം വര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്ന്  റെജിന്‍ പറയുന്നു.

പെൺകുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോണ്‍ രാജിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്.

Tags