കേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ

kk
 

കേരളത്തിന് ഇന്ന് 66-ാം പിറന്നാളാണ്. 1956 നവംബർ 1 നാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ കാടും പുഴകളും നദികളും സമ്പന്നമാണ്.

1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരിൽ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണിൽ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനിൽക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു. സർവ്വകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. എല്ലാത്തിനും ഉപരി ഭാരതത്തിലാകമാനം നില നിന്നിരുന്ന ജാതീയവും, വംശീയവുമായ എല്ലാ ഉച്ച നീചത്വങ്ങൾക്കും അപ്പുറം എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം സാദ്ധ്യമായിരുന്നു.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതിന് പിന്നിലുമുണ്ട് ഒരു കഥ. തിരുവിതാംകൂർ രാജ്യത്തെ ഭാരത രാഷ്‌ട്രത്തിൽ ലയിപ്പിക്കുന്നതിനായി ഭാരതത്തിന്റെ പ്രതിനിധികളും ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവും തമ്മിൽ ചർച്ചകൾ നടക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ‘ഈ ഭൂമി എന്റേതല്ല. ഇത് ശ്രീ പത്മനാഭ സ്വാമിയുടേതാണ്. ഞാൻ ഇതിന്റെ ഒരു കാവൽക്കാരൻ മാത്രമാണ്. സാക്ഷാൽ അനന്തപത്മനാഭൻ എന്നോട് പറയുകയാണെങ്കിൽ തീർച്ചയായും ഞാൻ അനുസരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ ഭാരതത്തിന്റെ പ്രതിനിധികൾ ഈ വിഷയത്തിൽ നിന്നും വിട്ടുനിൽക്കുവാനുള്ള രാജാവിന്റെ ഒരു തന്ത്രം മാത്രമാണ് എന്നാണ് കരുതിയത്. പക്ഷേ തിരുവിതാംകൂർ അധികാരികൾ 1750 ജനുവരി 20 ന് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമിക്ക് വേണ്ടി ഒപ്പുവെച്ച, പരവൂർ മുതൽ കന്യാകുമാരി വരേയുള്ള മുഴുവൻ തിരുവിതാംകൂർ രാജ്യവും ശ്രീ പത്മനാഭ സ്വാമിയുടേതാണെന്നുള്ള പ്രമാണപത്രം കാണിക്കുക ഉണ്ടായി. ഇതിനാലാണ് ഇന്നത്തെ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത്.

അഞ്ചു ജില്ലകൾ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഓരോ ജില്ലകൾക്കും അതിന്റേതായ പ്രത്യേകതകളും ഉണ്ട്. മലയാള ഭാഷയ്‌ക്ക് തന്നെ ഓരോ ജില്ലയിലും ഓരോ സൗന്ദര്യമാണ്. വിദ്യാഭ്യാസ രംഗത്തും കല സാംസ്‌കാരിക രംഗത്തും ഒരു മാതൃക സംസ്ഥാനം കൂടിയാണ് കേരളം. ആരോഗ്യപ്രവർത്തന രംഗത്തും സാമൂഹിക രംഗത്തും ഏറെ വികസനങ്ങൾ മലയാള മണ്ണ് ഓരോ വർഷവും കൊണ്ടുവരാറുണ്ട്.