ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം

Tribal woman gives birth safely inside Kaniv 108 ambulance en route to hospital
 

വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം. വയനാട് പനമരം പരിയാരം നായിക്കൻ കോളനി സ്വദേശിനി ദേവൂ (20) ആണ് ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. 

ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ദേവുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം ആശാ വർകറെ അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. 

ആംബുലൻസ് പൈലറ്റ് അബ്ദുൽ റാഷിദ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ലിജിൻ ടിജെ എന്നിവർ ഉടൻ കോളനിയിൽ എത്തി ദേവുവുമായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കോയിലേരി എത്തുമ്പോഴേക്കും ദേവുവിൻ്റെ ആരോഗ്യനില വഷളാതിനെ തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ലിജിൻ ആംബുലൻസിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 

മൂന്നര മണിയോടെ ലിജിൻ്റെ പരിചരണത്തിൽ ദേവു കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ലിജിൻ ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ആംബുലൻസ് പൈലറ്റ് അബ്ദുൽ റാഷിദ് ഉടൻ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.