'ഈ ഫ്ലാറ്റ് കുടുംബമായി താമസിക്കുന്നവർക്ക്, അവിവാഹിതര്‍ ഒഴിയണം, സ്ത്രീകളുടെ ഫ്‌ളാറ്റിൽ പുരുഷന്മാർ കയറരുത്'; താമസക്കാർക്ക് വിചിത്ര സർക്കുലർ

asd
 

തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയത്തില്‍ അവിവാഹിതരായ വാടകക്കാരോട് ഒഴിയാനാവശ്യപ്പെട്ട് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം പട്ടത്തെ ഫ്ളാറ്റിലാണ് വിചിത്ര നിര്‍ദേശം. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ളാറ്റിന്റെ നോട്ടിസ് ബോര്‍ഡില്‍ പതിച്ചു. 

തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സിലാണു നിര്‍ദേശം. ഫ്ലാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്നു പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടിസ് പതിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 


അവിവാഹിതരോടു രണ്ടുമാസത്തിനുളളില്‍ ഫ്ളാറ്റ് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രക്ത ബന്ധമുള്ള ആരെങ്കിലും സന്ദർശിക്കാനെത്തിയാൽ മാതാപിതക്കളെ അറിയിച്ചിരിക്കണം, സന്ദർശകരുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ നൽകണം, സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയിട്ടുള്ളത്. 

എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തയ്യാറായിട്ടില്ല. അസോസിയേഷന്റെ നടപടിയിൽ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമായേക്കും. 

പുരുഷന്‍മാര്‍ ഫ്‌ളാറ്റില്‍ വരുന്നത് മറ്റു ചില കാര്യങ്ങള്‍ക്കാണെന്നും സ്ത്രീകളുടെ ഫ്‌ളാറ്റില്‍ പുരുഷന്‍മാര്‍ വരുന്നതെന്തിനാണെന്നും ചോദിച്ച് സുഹൃത്തിനോട് അസോസിയേഷന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫ്‌ളാറ്റിലെ താമസക്കാരിയായ ഗോപികയും ദുര്‍ഗയും ആരോപിച്ചു. കാണാന്‍ പെണ്‍കുട്ടികള്‍ വന്നാലും ചോദ്യംചെയ്ത് പ്രസിഡന്റിനോടും സെക്രട്ടറിയോടും വിളിച്ച് അനുമതി വാങ്ങിയശേഷം മാത്രമാണ് കയറ്റിവിടുന്നതെന്നും ഇവർ ആരോപിച്ചു. അസോസിയേഷന്റെ സദാചാര പോലീസിങ്ങിനെതിരെ പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.