ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി; നടപടി വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷം

 air india express
 

മസ്‌കത്ത്: മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കറ്റ് വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണുള്ളത്. 

യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിൽ എത്തിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം