തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രത്തിന് മോശമായി കമന്റിട്ടയാൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കാറില്‍ ഇരിക്കുന്ന മന്ത്രിയുടെ ചിത്രത്തിന് സഖാവേ വയറ് സ്വല്പ്പം കുറയ്ക്കണമെന്ന കമന്റാണ് ഒരാള്‍ നല്‍കിയത്.
കമന്റ് കണ്ടതിന് തൊട്ടുപിന്നാലെ തന്നെ മന്ത്രിയുടെ മറുപടിയുമെത്തി. ബോഡി ഷെയ്മിംഗ് ചൂണ്ടികാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ‘ബോഡി ഷെയിമിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’ എന്നായിരുന്നു ശിവൻകുട്ടി കമന്റിന് മറുപടി നൽകിയത്.
ഇതോടെ ക്ഷമാപണവുമായി കമന്റിട്ടയാൾ രംഗത്തെത്തി. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് ബോഡി ഷെയ്മിങ് അല്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം എന്നും യുവാവ് വീണ്ടും കമ്മന്റ് ചെയ്തു.
‘വയറു കുറക്കണം എന്നത് ബേഡി ഷെയിമിംഗായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ്’. എന്നായിരുന്നു മന്ത്രിക്ക് യുവാവ് നല്കിയ മറുപടി.
Comments