വിജയ് ബാബുവിനെ 'അമ്മ' എക്സിക്യുട്ടീവില്‍ നിന്ന് ഒഴിവാക്കി; തീരുമാനം നടന്‍റെ ആവശ്യപ്രകാരമെന്ന് സംഘടന

vijay
 

കൊച്ചി: പീഡനക്കേസിൽ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നി‍ര്‍വാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനാണ് കൊച്ചിയിൽ ചേർന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗം തീരുമാനം. 

പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു അമ്മയ്ക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നതിനാലാണ് മാറിനിൽക്കുന്നതെന്ന് വിജയ് ബാബു കത്തിൽ പറയുന്നു.  

"തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്‍റെ നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു" എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറു ഇടവേള ബാബു അറിയിച്ചത്.


ഇന്ന് വൈകിട്ടാണ് അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. പീഡന ആരോപണത്തിൽ വിജയ് ബാബുവിന്‍റെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്റെ വിശദീകരണം അംഗങ്ങളെ അറിയിച്ച ശേഷമാണ് നടപടി ചർച്ച ചെയ്തത്.

നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. വിജയ് ബാബു നൽകിയ വിശദീകരണം എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. ഇതിന് ശേഷമാണ് മാറ്റിനിർത്താൻ തീരുമാനിച്ചത്.