ഭീമമായ തുക നിക്ഷേപിച്ച ശേഷം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ല

vizhinjam
 

ഇത്രയും ഭീമമായ തുക നിക്ഷേപിച്ച ശേഷം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി അറിയിച്ചു. 

 നേരത്തെ സമരത്തിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് പറഞ്ഞ കോടതി, റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും നിര്‍ദ്ദേശിച്ചു.  വിഷയത്തിൽ അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പരാമര്‍ശം. സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.