കലോത്സവത്തിലെ സ്വാഗത ഗാന വിവാദം; നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

cpm
 

കോഴിക്കോട് : 61ാംമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്.

സ്വാഗത ഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌കാരത്തില്‍ ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ തെരഞ്ഞെടുത്തത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും വിരുദ്ധമാണെന്ന്  സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു. 

തീവ്രവാദവും ഭീകരതയുമൊക്കെ ഏതെങ്കിലും വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല. ഇത്തരത്തിലൊരു ദൃശ്യാവിഷ്‌കാരം എങ്ങനെ വന്നുവെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നും സ്വാഗതഗാനം തയ്യാറാക്കിയതില്‍  സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആക്ഷേപം.