കലോത്സവത്തിലെ സ്വാഗതഗാനം; മാതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി

v sivankutty
 

 


തിരുവനന്തപുരം : 61ാംമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാന വിവാദത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി കലോത്സവത്തില്‍ അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ദൃശ്യാവിഷ്‌കാരം വേദിയില്‍ അവതരപ്പിക്കുന്നതിന് മുന്‍പ് പരിശോധിച്ചിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സ്വാഗത ഗാനത്തിലെ ദൃശ്യങ്ങളില്‍, മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചുവെന്നാണ് ആക്ഷേപമുയര്‍ന്നത്. മുസ്ലിംലീഗ് ഉയര്‍ത്തിയ ആക്ഷേപം വലിയ ചര്‍ച്ചയായതോടെ പരിശോധിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ അറിയിച്ചിരുന്നു.  പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തി.

ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നാണ് സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദവും ഭീകരതയുമൊക്കെ ഏതെങ്കിലും വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല. ഇത്തരത്തിലൊരു ദൃശ്യാവിഷ്‌കാരം എങ്ങനെ വന്നുവെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.