ശബരിമലയില്‍ ഭക്തരെ തള്ളാന്‍ അനുവാദം നല്‍കിയതാര് ?; സംഭവം നീതികരിക്കാനാവില്ലെന്ന് കോടതി

sabarimala

 

കൊച്ചി : ശബരിമലയില്‍ ഭക്തരെ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ തള്ളി സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധയന് എങ്ങനെ കഴിഞ്ഞുവെന്നും ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നോയെന്നും കോടതി ചോദിച്ചു. സംഭവം നീതികരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനത്തിന് എത്തുന്നത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോ പരിശോധിക്കുകയാണെന്നും ദേവസ്വം വാച്ചറെ കേസില്‍ കക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, പിജി അജിത്ത് കുമാര്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

അതേസമയം, അരുണ്‍കുമാര്‍ എന്ന ദേവസ്വം വാച്ചറാണ് തീര്‍ത്ഥാടകരെ തള്ളിയത്. തിരുവിതാംകൂര്‍ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ്. ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സിഐടിയൂ സംസ്ഥാന നേതാവാണ് അദ്ദേഹം. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കാണ് ഇദ്ദേഹം ശബരിമലയില്‍ എത്തിയത്.