കൊച്ചിയില്‍ വ്യാപക പരിശോധന; പഴകിയ പാലും നിരോധിത കളറും കണ്ടെത്തി, രണ്ടു ഹോട്ടലുകള്‍ പൂട്ടിച്ചു

daily meat kochi
 

കൊച്ചി: സുനാമി ഇറച്ചി പിടികൂടിയതിന് പിന്നാലെ കളമശ്ശേരി നഗരസഭാ പരിധിയില്‍ വ്യാപക പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗവും, കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടു ഹോട്ടലുകള്‍ അടച്ചുപൂട്ടിച്ചു.  

പൈപ്പ് ലൈന്‍ റോഡിലുള്ള ഫലാസില്‍ ദുബായ്, ഡെയിലി മീറ്റ് എന്നീ കടകള്‍ക്കാണ് താഴ് വീണത്. ഡെയിലി മീറ്റ് എന്ന ജ്യൂസ് കടയില്‍ നിന്നും പഴകിയ നൂറിലേറെ പാക്കറ്റ് പാലുകള്‍ ദിവസങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി.

അതേസമയം, ഫലാസില്‍ ദുബായ് എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന അനുവദനീയമല്ലാത്ത കളറുകള്‍ അടക്കം കണ്ടെത്തി. ഇവ ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. ഈ ഹോട്ടലിന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നില്ല. 

കഴിഞ്ഞദിവസമാണ് കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നും 500 കിലോ പഴകിയ ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയായിരുന്നു ഇത്.