കേരളത്തിൽ 11 വരെ വ്യാപക മഴയ്ക്ക് സാധ്യത

rain
 


തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 9 മുതൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 4-5 ദിവസം തലസ്ഥിതി തുടരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  ആന്ധ്രാ - ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് മൂന്ന് നാൾ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 
  

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
09-09-2022: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
10-09-2022: കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
11-09-2022:  കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് നിന്നും സെപ്റ്റംബർ 09 ന് മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ കേരള തീരത്ത് ഇന്ന്  (സെപ്റ്റംബർ 09 ന്) മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കർണാടക  തീരങ്ങളിൽ സെപ്റ്റംബർ 09 മുതൽ സെപ്റ്റംബർ 10 വരെ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.