ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡന് സസ്‌പെൻഷൻ

Wildlife Warden suspended for caught tribal youth in fake case
 

ഇടുക്കി: കിഴുക്കാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുലിനെതിരെയാണ് നടപടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.


കാട്ടിറച്ചി കൈവശം വച്ചുവെന്ന പേരിലാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന യുവാവിനെയാണ് കള്ളക്കേസില്‍ കുടുക്കിയത്. സംഭവത്തില്‍ ഇതുവരെ ഏഴ് പേരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.എഫ്.ഒ അനിൽ കുമാർ, ബി.എഫ്.ഒ വി.സി ലെനിൻ, എൻ.ആർ. ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ മോഹനൻ, കെ.ടി ജയകുമാർ എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. രാഹുലിനെ നേരത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു.


വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 
കാട്ടിറച്ചി കൈവശംവെച്ചുവെന്ന പേരിലാണ് ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണിനെ കേസിൽ കുടുക്കിയിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുണിന്റെ മാതാപിതാക്കൾ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു.
 
സരുണ്‍ സജിക്ക് എതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്‌മാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സരുണിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതിന് ദൃസാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണും വ്യക്തമാക്കിയിരുന്നു.