ഒരു മാസം മുമ്പ് നായയുടെ കടിയേറ്റു; തൃശൂരിൽ പേവിഷബാധയേറ്റ് ആദിവാസി സ്ത്രീ മരിച്ചു

dog
 

തൃശൂര്‍: ചിമ്മിനിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. ചിമ്മിനി വനംപ്രദേശത്തോടു ചേര്‍ന്ന നാടാമ്പാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനക്കല്‍ പാറുവെന്ന വയോധികയാണ് മരിച്ചത്.

തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരുമാസം മുമ്പ് കാട്ടില്‍വെച്ചാണ് നായയുടെ കടിയേറ്റത്. എന്നാല്‍ ഇവര്‍ കുത്തിവയ്‌പെടുത്തിരുന്നില്ല. മൂന്നു ദിവസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രത്യേക നിരീക്ഷണത്തിലായിരുന്ന പാറു ഇന്നു വൈകീട്ടോടെ മരിക്കുകയായിരുന്നു. മറ്റു രണ്ട് പേരെ കൂടി നായ കടിച്ചിരുന്നെങ്കിലും ഇവര്‍ കുത്തിവയ്‌പെടുത്തിരുന്നു.