സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

j
 

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസമായി  തുടരുന്ന മഴ  നാളെ മുതല്‍ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.

വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. തോരാതെ പെയ്തിരുന്ന മഴയ്ക്ക് കുറവുണ്ടെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ വടക്കന്‍ ജില്ലകളില്‍ തുടരുകയാണ്. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. തയ്യില്‍ തീരത്ത് കടലാക്രമണവും രൂക്ഷമാണ്. ഇരുപത്  വീടുകളിലേക്ക് കടല്‍ കയറുമെന്ന അവസ്ഥയുണ്ട്. കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മൂഴിക്കലില്‍പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.