ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി; രക്ഷാപ്രവർത്തനത്തിനെത്തിയ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

drown
 

ഷൊര്‍ണൂര്‍: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. 

ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പൂഴയോരത്ത് മീൻ പിടിക്കാൻ വന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. 


പത്തുമിനിറ്റോളം അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫൈസലിനായി രാമകൃഷ്ണന്‍ വെള്ളത്തില്‍ മുങ്ങി തിരച്ചില്‍ നടത്തി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കരയിലേക്ക് കയറി. ശേഷം രാമകൃഷ്ണനെ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഫൈസലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.  തിരച്ചില്‍ വ്യാഴാഴ്ച രാവിലെയും തുടരുമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചിട്ടുണ്ട്.