വിഷ പ്രാണിയുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു

13year old died

തിരുവല്ല: വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിമൂന്ന് വയസുകാരി മരിച്ചു. പെരിങ്ങര പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണന്റെ മകള്‍ അംജിതയാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അംജിതയ്ക്ക് പ്രാണിയുടെ കുത്തേറ്റത്. ഈച്ച പോലെ എന്തോ ഒന്ന് ചെവിക്ക് താഴെ കുത്തിയെന്നാണ് കുട്ടി പറഞ്ഞത്. പ്രാണിയുടെ കുത്തേറ്റ് അരമണിക്കൂറിനുള്ളില്‍ ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. തിരുവല്ല എംജിഎം സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അംജിത.