തിരുവനന്തപുരം: ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ കൗതുകമായി നാലുവയസ്സുകാരി മിത്ര ജോബി ജോസ്. ക്യൂബൻ ഗ്രാൻഡ്മാസ്റ്റർ എലിയെര്‍ മിറാന്‍ദ മെസിനൊപ്പം ഒരു മണിക്കൂറോളം സമയം കളിയിൽ ചിരിച്ചും കളിച്ചുമാണ് കുഞ്ഞു മിത്ര നേരിട്ടത്. ഒടുവിൽ തോറ്റെങ്കിലും ചിരിച്ചു തുള്ളി ചാടി അച്ഛന്റെ അരികിലേക്ക് അവൾ ഓടി. ഇടുക്കിയിലെ വെള്ളാരംകുന്നിൽ നിന്ന് അച്ഛനും സഹോദരങ്ങളോടുപ്പൊമാണ് മിത്ര ക്യൂബൻ ഗ്രാൻഡ് മാസ്റ്ററെ നേരിടാൻ വന്നത്. രണ്ടു മാസം മുൻപ് മാത്രമാണ് അച്ഛൻ ജോബി ജോസിന്റെ ശിക്ഷണത്തിൽ ചെസ്സ് പഠിക്കാൻ തുടങ്ങിയത്. മിത്രയുടെ സഹോദരങ്ങളായ വിവേക്, മാനസി, നവീൻ എന്നിവരും ക്യൂബൻ ഗ്രാൻഡ്മാസ്റ്റർമാരുമായി കളിയ്ക്കാൻ ജില്ലയിൽ നിന്ന് സെലക്ഷൻ നേടി വന്നതായിരുന്നു.
കളിയുടെ ഓരോ വഴിയിലും കുസൃതി ചിരി ചിരിച്ചു ഇടക്ക് ബോറടിച്ചും തൊട്ടടുത്തിരുന്ന മത്സരിക്കുന്ന ചേച്ചി മാനസിയോട് കുശലം പറയുന്നതും രസകരമായ കാഴ്ചയായിരുന്നു. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മിത്ര സന്തോഷത്തോടെയാണ് വേദിക്ക് പുറത്തു കാത്തിരുന്ന അച്ഛനരികിലെത്തിയത്. രാവിലെ മത്സരത്തിന് പോകും മുൻപേ ക്യൂബൻ ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കാൻ ഉള്ള ട്രിക്ക് തന്റെ കയ്യിൽ ഉണ്ടെന്ന് അവൾ പറഞ്ഞിരുന്നു. ഇക്കുറി അത് വർക്ക് ആയില്ലേൽ അടുത്ത തവണ വീണ്ടും ശ്രമിക്കുമെന്നാണ് അച്ഛൻ ചോദിച്ചപ്പോൾ മിത്രയുടെ മറുപടി.
മിത്രയുടെ അച്ഛൻ ജോബി ജോസ് ഇടുക്കിയിൽ അനിമൽ ഹസ്ബൻഡറിയിൽ ക്ലാർക്ക് ആണ്. അമ്മ ഷാനി ട്രഷറി ഡിപ്പാർട്മെന്റിലെ ക്ലാർക്കും. ജോബിയുടെ ചെസ്സിനോടുള്ള ഇഷ്ടമാണ് കുടുംബം മുഴുവനും ചെസ്സ് കളിയ്ക്കാൻ കാരണം. മിത്ര ജനിച്ചപ്പോൾ മുതൽ കാണുന്നത് ചെസ്സ് കളിയാണ്. രണ്ടു മാസം മുൻപ് മുതലാണ് അവളെ ചെസ്സ് പഠിപ്പിച്ചു തുടങ്ങിയത്. മൂന്നാറിൽ വെച്ച് നടന്ന ടൂർണമെന്റിൽ എതിരാളിയെ പരാജയപ്പെടുത്തി ചെസ്സ് ഫെസ്റ്റിവലിലേക്ക് സെലക്ഷൻ നേടുകയായിരുന്നു.
ചെസ്സ് ഫെസ്റ്റിവലിന്റെ ഒന്നാം ദിനത്തിൽ ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ്മാസ്റ്ററന്മാരും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി മത്സരിച്ചത്. ക്യൂബന്‍ ഗ്രാന്റ് മാസ്റ്റര്‍മാരായ ദിലന്‍ ഇസിദ്രോ ബെര്‍ദായെസ് അസന്‍, റോഡ്‌നി ഒസ്‌കര്‍ പെരസ് ഗാര്‍സ്യ, എലിയെര്‍ മിറാന്‍ദ മെസ എന്നിവരോടൊപ്പം കേരളത്തിന്റെ ഗ്രാൻഡ്മാസ്റ്റർ എസ് എൽ നാരായണനും കുട്ടികൾക്കൊപ്പം കളിച്ചു.