മധ്യവയസ്‌കയെയും ഭര്‍തൃ മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍

suicide eklm

കൊച്ചി: എറണാകുളം ജില്ലയില്‍ മധ്യവയസ്‌കയെയും ഭര്‍തൃ മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കര തുരുത്തിപ്പുറത്ത് കുണ്ടോട്ടില്‍ അംബികയെയും (59) ഭര്‍തൃമാതാവ് സരോജിനിയെയും (90) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. ഇതേതുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് അംബികയെ തൂങ്ങി മരിച്ചനിലയിലും സരോജിനിയെ കിടപ്പ് മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. അംബികയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. കുടുംബപരമായി എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി അയല്‍വാസികള്‍ക്കും അറിയില്ല.  വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.