
മലപ്പുറം: ചുങ്കത്തറയിൽ തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമിനെ എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത് . തിങ്കളാഴ്ച രാത്രിയാണ് ഇയാൾ ബൈക്കിന് പിറകിൽ നായയെ കെട്ടി വലിച്ചു കിലോമീറ്ററുകളോളം സഞ്ചരിച്ചത്.
ബൈക്കിന് പിന്നില്‍ യാത്രചെയ്ത യുവാവ് പകര്‍ത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നായയെ കെട്ടിവലിച്ച ആളോട് വാഹനം നിര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വേഗത്തില്‍ വാഹനം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്കിന് മുന്നില്‍ കയറി യുവാവ് ഇയാളെ തടയുകയായിരുന്നു.
നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ആവശ്യമെന്തായിരുന്നുവെന്ന ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി നൽകിയില്ല.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിന് പിന്നാലെ എടക്കര പൊലീസ് നടപടിയെടുക്കുകയായിരുന്നു.