തട്ടിക്കൊണ്ടുപോകല്‍ കേസ്: നീതുവിന്‍റെ കാമുകന്‍ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ വഞ്ചനാകുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും

ഇബ്രാഹിം ബാദുഷ
 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിന്റെ പരാതിയിൽ സുഹൃത്ത് ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ കേസെടുത്തു. വഞ്ചനാ കുറ്റത്തിനും ഗാർഹിക-ബാലപീഡനത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇബ്രാഹീം 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നാണ് നീതുവിന്റെ പരാതി. ഇതിനു പുറമേ ഏഴു വയസ്സുള്ള നീതുവിന്റെ മകനെ ഇബ്രാഹിം ബാദുഷ മർദിച്ചതായും പരാതിയിൽ പറയുന്നു. 

കോട്ടയം മെഡിക്കല്‍ കേളേജില്‍നിന്ന് രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ നീതു തട്ടിയെടുത്തതിന് അറസ്റ്റിലായതോടെയാണ് മര്‍ദന വിവരങ്ങള്‍ പുറത്തുവന്നത്. നീതുവിന്റെ പരാതിയിലാണ് ഇബ്രാഹിം ബാദുഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇബ്രാഹിം ലഹരിക്കടിമായാണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഇബ്രാഹീമിനെ നാളെ കോടതിയിൽ ഹാജരാക്കും.  

അതേസമയം കുട്ടിയെ തട്ടിയെടുത്ത കേസില്‍ ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ല. തന്റെ കാമുകനായ ഇയാളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്.