സംസ്ഥാനത്ത് ജനസംഖ്യയുടെ 60 ശതമാനം പേരും വാക്സീൻ സ്വീകരിച്ചു; മുഖ്യമന്ത്രി

pinarayi.

തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കൊവിഡ് വാക്സീൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വാക്സീൻ വിതരണം മികച്ച രീതിയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

18 വയസ്സിന് മുകളിൽ പ്രായമുള്ള 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു. 2,15,72491 പേ‍ർക്ക് ആദ്യഡോസും 79,90,200 പേ‍ർക്ക് അഥവാ 27.8 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകിയിട്ടുണ്ട്. മൊത്തം ജനസംഖ്യയെടുത്താൽ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സീൻ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്സീനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. 

പരമാവധി പേ‍ർക്ക് എത്രയും വേ​ഗം വാക്സീൻ നൽകാനാണ് നമ്മൾ ശ്രമിക്കുന്നത്. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്സീൻ നൽകി. ആ​ഗസ്റ്റിൽ മാത്രം 88 ലക്ഷം ഡോസ് വാക്സീൻ നൽകി. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവ‍ർക്ക് വാക്സീൻ നൽകാൻ പ്രത്യേക യജ്ഞം തന്നെ നടത്തിയിരുന്നു. വാക്സീൻ വളരെ വേ​ഗം കൊടുത്ത് തീർക്കുകയാണ് കേരളം ഇപ്പോൾ എന്നാൽ തീരുന്ന മുറയ്ക്ക് ഇപ്പോൾ കേരളത്തിലേക്ക് വാക്സീൻ എത്തുന്നുണ്ട്.