×

കോഴിക്കോട് എൻ.ഐ.ടി യിൽ ഗോഡ്സെയുടെ ചിത്രം കത്തിച്ച് എ.ബി.വി.പി പ്രതിഷേധം

google news
Sb
കോഴിക്കോട്: ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എൻഐടിക്ക് മുന്നില്‍ എബിവിപി പ്രതിഷേധം. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. പ്രതിഷേധത്തിനിടെ പ്രവർത്തകർ ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു. ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയാണ് ഗോഡ്സെയെന്നും അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു ശക്തമായ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. 
    
അധ്യാപികക്കെതിരെ കേന്ദ്രമന്ത്രിക്കും യുജിസിക്കും പരാതി നല്‍കും. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിനിറത്തില്‍ വരച്ചു കൊണ്ടുള്ള ഒരു വിഭാഗം വിദ്യാർഥികളുടെ ആഘോഷത്തെ പിന്തുണക്കുകയാണ്. എല്ലാവർക്കും ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടെന്നും എബിവിപി പറഞ്ഞു. അതിനിടെ, ഗോഡ്‌സെ അനുകൂല ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപികയില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍.ഐ.ടി ഡയറക്ടര്‍ പറഞ്ഞു. അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി നല്‍കിയ കത്തിനാണ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മറുപടി നല്‍കിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ച്‌ വിവരം എം.പിയെ അറിയിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
    
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
   
അതേസമയം വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ എന്‍.ഐ.ടി ക്യാമ്ബസ് ഇന്ന് തുറന്നു. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത അധികൃതരുടെ നടപടിക്കെതിരേ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് വലിയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചത്.