തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ച; അച്ചടക്ക നടപടിക്കൊരുങ്ങി മുസ്‌ലിം ലീ​ഗ്

muslim league
 

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ (Assembly Election) തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്‌ലിം ലീ​ഗ് (Muslim League) ഉപസമിതി റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റിലുൾപ്പെടെ 12 മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം മുതൽ പാളിച്ച പറ്റിയെന്നാണ് സമിതിയുടെ നിഗമനം.

കോഴിക്കോട് സൗത്തിലും അഴീക്കോടും ഏകോപനത്തിലെ പിഴവും വിഭാഗീയതയും തിരിച്ചടിയായെന്നും ലീഗ് നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഈ മാസം 27 ചേരുന്ന ഉന്നതാധികാര സമിതിയിൽ സംഘടനാ നടപടി പ്രഖ്യാപിക്കും. 

തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി. പല നേതാക്കളും പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി.  

അഴീക്കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി സംവിധാനം തന്നെ പാളിയെന്നാണ് നിരീക്ഷണം . ഇലക്ഷന് തൊട്ടുപുറകേ, മണ്ഡലത്തിന്‍റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് എൻസിപിയിലേക്ക് പോയത് ഉദാഹരണം.  യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിച്ച താനൂരിലും സ്ഥിതി സമാനമായിരുന്നു. ഇവിടെ ബിജെപി വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്.  

27ന് ചേരുന്ന ലീഗ് ഉന്നതാതികാര സമിതിയിൽ, അച്ചടക്ക നടപടികൾക്കൊപ്പം തുടർപ്രവർത്തനങ്ങളിൽ ഉപസമിതി നിർദ്ദേശിച്ച തിരുത്തൽ നടപടികളും ചർച്ചയാകും.