സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം; വി.ഡി സതീശൻ

satheesan vd

തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർക്കാർ നോക്കി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

സമൂഹമാധ്യമങ്ങളില്‍ ഫേക്ക് ഐ.ഡി ഉപയോഗിച്ച് സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഹീനമായ ഭാഷ ഉപയോഗിച്ച് ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയൊരു സസര്‍ക്കാരോ പൊലീസോ സൈബര്‍ സെല്ലോ ഉണ്ടോ? സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ കള്ളന്‍മാരെ പിടിക്കാന്‍ പോലീസോ സര്‍ക്കാരോ ഭരണമോ കേരളത്തിലില്ല.  തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാറിന്റെ ചിന്ത തന്നെയാണോ ഈ സര്‍ക്കാരിനുമുള്ളത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആരോപിച്ചു.

എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ആരും തയാറാകരുത്. ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി  മുദ്രാവാക്യം വിളിച്ചത് അസംബന്ധമാണ്. വീണു കിട്ടിയ അവസരം ഉപയോഗിച്ച് കേരളത്തെ കത്തിച്ച് ചാമ്പലാക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. അവരുടെ കെണിയില്‍ വീഴരുതെന്നാണ് ഞങ്ങള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.