ആ​ക്ടി​വി​സ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി

 bindu ammini

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മണിയെ കോഴിക്കോട് ബീച്ചിൽവച്ച് ആക്രമിച്ചയാളെ കണ്ടെത്തി.  ബേപ്പൂർ സ്വദേശി മോഹൻ ദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പോലീസാണ് മോഹൻ ദാസിനെ കണ്ടെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കോഴിക്കോട് നോർത്ത്  ബീച്ചിൽ വച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നത്. ഇതിൻ്റെ വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസെടുത്തു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. എന്നാൽ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേക്ക് എത്തുന്നതെന്നാണ് ബിന്ദു അമ്മിണി ചോദിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. കണ്ടാലറിയാവുന്ന ഒരു സംഘമാളുകള്‍തന്നെ അപമാനിക്കുകയും അതിലൊരാള്‍ ആക്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകള്‍ക്കുനേരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

ആർഎസ്എസ്സുകാരനാണ് ആക്രമിയെന്നും ഇയാളെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവർ ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് എത്തിയതെന്നും ബിന്ദു അമ്മിണി പറഞ്ഞു. താൻ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. 

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗക്കൊപ്പം ബിന്ദു അമ്മിണിക്കും പോലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിനു പകരം പോലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

അതേസമയം, ആക്രമണത്തില്‍ പ്രതികരിച്ച് കെ കെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിൻ്റെയും പോലീസിൻ്റെയും പിടിപ്പുകേടുകൊണ്ടാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതെന്ന് കെ കെ രമ പ്രതികരിച്ചു. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്നും ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണമെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.