നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

dileep and balachandrakumar

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെ ചുമത്തപ്പെടുത്തും.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്.

എന്നാൽ നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ വിചാരണക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.

ഇതിനിടെ, ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിരുന്നു.